SEARCH


Kasaragod Kanhangad Madiyan Koolom Temple (കാഞ്ഞങ്ങാട്‌ ശ്രീ മഡിയൻ കൂലോം)

Course Image
കാവ് വിവരണം/ABOUT KAVU


കാഞ്ഞങ്ങാട്‌ ശ്രീ മഡിയൻ കൂലോം
Theyyam : May 22, May 23 (Edavam 8-9)
പ്രധാന ഉത്സവങ്ങൾ: 1.ധനു മാസത്തിലെ പാട്ടുത്സവം
ഇടവ മാസത്തിലെ കലശമഹോത്സവം ചിങ്ങം സങ്ക്രമനാളിലെ കർക്കിടക തെയ്യങ്ങളുടെ സംഗമം
ഉത്തര കേരളത്തിലെ ഏറ്റവും പുരാതനമായ ക്ഷേത്രങ്ങളിൽ ഒന്നാണ് ശ്രീ മഡിയൻ കൂലോം. അള്ളട സ്വരൂപം മുക്കാതം നാട്ടിന്റെ ആസ്ഥാനമാണ്‌ ശ്രീ മഡിയൻ കൂലോം. നൂറ്റാണ്ടുകൾ പഴക്കമുള്ള ദാരുശില്പങ്ങൾ കൊത്തിവച്ചിട്ടുള്ള ഈ ക്ഷേത്രം ജാതിമത ഭേതങ്ങൾ മറന്നു കൂട്ടായ്മയുടെ ഇതിഹാസം രചിച്ച ആഘോഷങ്ങളുടെയും കേന്ദ്രമാണ്.
ശ്രീ മഡിയൻ കോവിലകത്തിന്റെ ഉൽപ്പത്തിക്കു പിന്നിൽ വളരെ ഭക്തിസാന്ദ്രമായ കഥകളാണുള്ളത്. കേരളത്തിൽ ക്ഷേത്രപ്രവേശന വിളംബരം നടത്തുന്നതിന് മുൻപ് തന്നെ ഇവിടെ അവർണ്ണർക്കു പ്രവേശനം ഉണ്ടായിരുന്നു. ജാതിമത ഭേതങ്ങളില്ലാത്ത ദേവനാണ് മഡിയൻ കോവിലകം വാഴുന്ന ഈശ്വരൻ. ധനു മാസത്തിലെ പാട്ടുത്സവവും, ഇടവ മാസത്തിലെ കലശമഹോത്സവവും ജാതിമത ഭേതമന്യേ എല്ലാവരും ഒത്തുകൂടിയാണ് നടത്തുന്നത്. ഹിന്ദു മുസ്ലിം ഐക്യം നിലനിർത്തുന്ന ഒരു കണ്ണിയായി ഈ ക്ഷേത്രം നിലകൊള്ളുന്നു. ഈ പ്രദേശത്തെ മുസ്ലിം മതസ്ഥരുടെ ഭക്തിയും മറ്റു മതക്കാരോടുള്ള ബഹുമാനവും കണ്ട് ക്ഷേത്രപരിസരത്തെ അതിയാലിൽ അമ്പലം നിലനിന്നിരുന്ന സ്ഥലമാണത്രേ അവിടെ ആദ്യത്തെ മുസ്ലിം പള്ളി പണിയാൻ നൽകിയത്. വ്യാളി മുഖത്തോട് കൂടിയ പള്ളിയുടെ പഴയ ശിൽപഭംഗി അതിമനോഹരമാണ്. കോവിലും മുസ്ലിങ്ങളും തമ്മിലുള്ള ചങ്ങാത്തം ക്ഷേത്ര ചടങ്ങുകൾക്ക് അനുപേക്ഷണീയമാണ്.അള്ളട സ്വരൂപം കീഴടക്കാൻ വേണ്ടിയാണ് ക്ഷേത്രപാലകൻ മഹാദേവന്റെ ആജ്ഞപ്രകാരം ഭൂമിയിലെത്തുന്നത്. വടക്ക് ചിത്താരി പുഴ മുതൽ തെക്ക് ഒളവറ പുഴ വരെ നീണ്ടു കിടക്കുന്ന നാടായിരുന്നു അള്ളടസ്വരൂപം”. പണ്ട് രാജാക്കന്മാർ സ്വന്തം നാടിനെ “സ്വരൂപം” എന്ന് കൂട്ടി വിളിക്കുന്ന പതിവുണ്ടായിരുന്നു. അള്ളടം നാട് ഭരിച്ചിരുന്നത് അള്ളോഹൻ എന്ന ദുഷ്പ്രഭു ആയിരുന്നു. ഈ സമയത്ത് നെടിയിരിപ്പ് സ്വരൂപത്തിലെ പങ്കിപിള്ളയാതിരി തമ്പുരാട്ടിയുമായി കോലത്തിരിയുടെ മകൻ കേരളവർമ്മ പ്രണയത്തിലാകുന്നു. എതിർപ്പുകൾക്കൊടുവിൽ ഇരുവരും മംഗലം കഴിച്ച് ഒന്നിച്ചു ജീവിച്ചു. അവർക്ക് ഉണ്ടായ കുട്ടിക്ക് സ്വന്തമായി ഒരു നാട് വേണമെന്ന മോഹം അവരിലുദിച്ചു. അങ്ങനെ അവർ അള്ളോഹന്റെ അള്ളടസ്വരൂപം കീഴടക്കാൻ തീരുമാനിച്ചു.കൂലോത്തെ വടക്കേ കുളത്തിൽ മേൽ കഴുകാൻ വന്ന അള്ളോഹനെ ക്ഷേത്രപാലകന്റെ പടയാളികൾ വധിക്കുന്നു. കോട്ടവാതിൽ തുറന്നു കിട്ടിയ കേരളവർമ്മ ആസ്ഥാനം സ്വന്തമാക്കി. അള്ളടസ്വരൂപം പിടിച്ചെടുക്കാൻ കൂടെനിന്ന ക്ഷേത്രപാലകനെയും കാളരാത്രിയെയും കേരളവർമ്മ കുലദൈവമായി ആരാധിച്ചു. പക്ഷെ ചുറ്റുപാടും ഉള്ളവരിൽ കൂടുതലും അള്ളോഹന്റെ ആൾക്കാർ ആയിരുന്നു. അക്കാരണത്താൽ മൂലച്ചേരി നായരച്ചനെ ക്ഷേത്രത്തിന്റെ അധികാരമേൽപ്പിച്ചു കേരളവർമ്മ നീലേശ്വരത്ത് കൊട്ടാരം പണിതു തമ്പുരാട്ടിയുമൊത്ത് രാജ്യഭരണം തുടർന്നു. പിൽക്കാലത്ത് പുറം കലശമെന്ന പേരിൽ ഇടവം രണ്ടാം തീയതിയിൽ കാളരാത്രിയെയും, ക്ഷേത്രപാലകനെയും, കൂടാതെ നടയിൽ ഭഗവതിയെയും തെയ്യക്കൊലമായി കെട്ടിയാടിച്ചു.ഉത്സവമാണ്. എല്ലാ നാട്ടുകാരും അതിൽ പങ്കാളികളായാൽ മാത്രമേ അതിന്റെ പൂർണ്ണത കൈവരികയുള്ളൂ. ഇന്നും ആ കൈവഴക്കം തുടർന്നു പോരുന്നു. നാട് കാക്കുന്ന കാളരാത്രിയമ്മയുടെ പുത്രൻ ക്ഷേത്രപാലകൻ വാഴുന്ന പുണ്യക്ഷേത്രമായി മഡിയൻ കൂലോം ഇന്നും അള്ളടം നാടിന്റെ ആസ്ഥാനമായി പ്രൗഡിയോടെ തലയുയർത്തി നിൽക്കുന്നു
Photo Courtesy : Sreejith Damodaran Photography





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848